ഓട്ടം

ഒന്ന് നിന്നാൽ
എന്തെങ്കിലും നഷ്ടപ്പെടുമെന്ന്
അയാൾ വല്ലാതെ ഭയന്നു
അതിനായിരിക്കണം
ആ ഓട്ടം

നിർത്താതെയുള്ള ഓട്ടം
ദൂരെ ഒരു പാട് ദൂരെ എത്തി മാത്രം
ഒന്ന് നിന്നയാള് നെടുവീർപ്പിട്ടു
കാറ്റ് കൊണ്ട് വന്ന വസന്തം
തന്റേതല്ലെന്നു അയാൾ ശഠിച്ചു

സമയത്തിന്റെ കൊച്ചു വർത്തമാനങ്ങൾ
തന്നെ കളിയാക്കുകയാണ് എന്ന് അയാൾ വിശ്വസിച്ചു
ഒന്ന് നില്ക്കു
ഞാൻ ഒന്ന് പറയട്ടെ
അവൾ കേണപേക്ഷിച്ചു

വാക്കുകളിൽ ഒതുങ്ങാത്ത
വ്യഗ്രതയോടെ അയാൾ പടിയിറങ്ങി ഓടി

കതകു സ്വല്പം ചാരി വച്ച്
അവൾ സമാധാനിച്ചു

വാതിൽ പഴുതിലൂടെ
ഒരു പക്ഷെ
ഓര്മ തെറ്റി
കേറി വന്നാലോ

എത്ര തവണ
വഴി മാറി എത്തിയിരിക്കുന്നു
എത്ര പേര്
അപ്പോൾ ഇയാളും വരും
വരുമായിരിക്കും

സന്ധ്യക്ക്‌ വിളക്കിന്റെ
വെളിച്ചത്തിൽ വന്നു വീഴുന്ന
കൊച്ചു കൊച്ചു പ്രാണികൾ
ഇതിൽ ഏതായിരിക്കും അയാൾ

അവൾ ഒന്നുറക്കെ ചിരിച്ചു.

Advertisement

%d bloggers like this: