ദുഃഖം ഘനീഭവിച്ച വീഥികളിൽ
ചില മര്മരങ്ങൾ ഉണർന്നപ്പോൾ
മോഹം പൊങ്ങി വന്നെങ്കിൽ
അത് സ്വാഭാവികം മാത്രം
നീല ആകാശം പുഞ്ചിരി തൂകി
മെല്ലെ കാര്മേഘങ്ങൾക്കു പുറകിൽ
പോയി ഒളിച്ചെങ്കിൽ അത്
സമയത്തിന്റെ കാല് മാറ്റം മാത്രം
എന്നിട്ടും എല്ലാം അറിഞ്ഞിട്ടും
അറിയാത്ത ഭാവം നടിക്കുന്ന മനസ്സ്
ഒരു സ്വപ്നജീവിയുടെ സ്വന്തമായിരിക്കും
അല്ലെങ്കിൽ ആര്ക്കാണ് സത്യത്തിൽ മിഥ്യ കാണാൻ കഴിയുക?
എവിടെ നിന്നോ സൂര്യ രശ്മികൾ ഇടുങ്ങിയ
ഹൃദയത്തിലേക്കു പ്രവേശം ആഗ്രഹിച്ചു നിന്നു
കണ്ണുനീർ തടാകത്തിലെ കറുത്ത മേഘങ്ങൾ
അവയെ തട്ടി മാറ്റി കൊണ്ടിരിക്കവേ
സ്വപ്നം തന്റെ ചിലന്തി വലയെ നോക്കി
മുറുമുറുത്തു അല്ല, ഇതിപ്പോ മാറ്റി പാർപ്പിക്കണോ?
കണ്ണുനീരിൽ കുതിർന്ന പുഞ്ചിരി
ഉത്തരം മുട്ടി നിന്നു.