വഴികൾ പലതും അങ്ങനെയാണ്
ഇന്ന് വരും നാളെ വരും എന്ന് ഓർത്തു
വഴിയാത്രക്കാരെ കാത്തിരിക്കുകയാണവർ
നടന്നു വരാൻ ധൈര്യം വേണം എന്ന് ഒരു വഴി മൊഴിഞ്ഞു
അല്ല അത്ര എളുപ്പമല്ല എന്നെ മനസ്സിലാക്കുവാൻ
ഈ വഴിവന്നവർ കുഴങ്ങിയത് തന്നെ
വഴികൾ ഒരു പുച്ഛച്ചിരി ചിരിച്ചു കുലുങ്ങി നിവർന്നു
പല വഴികളും പല തരമാണല്ലോ, യാത്രക്കാരെ പോലെ തന്നെ
ഞങ്ങൾക്കുമുണ്ട് സ്വന്തമായ ചില ഇഷ്ടങ്ങളും അനിഷ്ടങ്ങളും
പലപ്പോഴും ആളുകളെ തങ്ങളിലേക്ക് നയിക്കുന്നതും
തിരിച്ചു പിന്മാറാൻ പ്രേരിപ്പിക്കുന്നതും ഞങ്ങൾ തന്നെ ആണ്
വഴിമുത്തച്ഛൻ ഒരു നെടുവീർപ്പോടെ ചേർത്ത് ചൊല്ലി
എനിക്കിഷ്ടം ഇത്തിരി പുഞ്ചിരിയും ഒത്തിരി കളിയുമുള്ള
യാത്രക്കാരാണ്, ഒരു കൊച്ചു വഴി തന്ടെ ആഗ്രഹം അറിയിച്ചു
ഗാംഭീര്യമാണ് എന്റെ ശൈലി, ചിന്തിക്കാനും പഠിക്കുവാനും ആഗ്രഹിക്കുന്നവർക്ക് ഞാൻ എന്നും സ്വന്തമാണു, മറ്റൊരാൾ പറഞ്ഞു.
സരളമാണ് എന്റെ താല്പര്യങ്ങൾ സരളതയാണ് എന്റെ മന്ത്രം
ജീവിതത്തെ സരസമായി കാണാന് കഴിവുള്ളവർക്ക് ഇങ്ങോട്ടു വരാം
കർമമാണ് നിങ്ങളുടെ ശൈലി എങ്കിൽ ഒട്ടും ആലോചിക്കേണ്ട
ഇങ്ങോട്ടു വന്നോളൂ കൂടെ ഞാനുണ്ടാവും എന്ന്നും എപ്പോഴും
എങ്ങൊട്ടും പോകാനില്ലാതെ വഴിയോരങ്ങിൽ പാർപ്പുറപ്പിച്ച മരങ്ങൾ
വഴികളുടെ ഈ ആത്മഗതം ഒരു നേരമ്പോക്കായി മാത്രം കണ്ടു
കാലങ്ങൾ മാറിയിട്ടും മാറാത്ത മനുഷ്യ സ്വപ്നങ്ങളും
മനുഷ്യന് മാത്രം സഹജമായ സംശയങ്ങളെയും കുറിച്ച് അവർ മറ്റാരേക്കാളും ബോധവാന്മാരായിരുന്നു.