എന്തൊക്കെയോ ആരോടൊക്കെയോ പറയുവാനുള്ള ത്വര
കേൾകുവാനുള്ള ത്വര, കഥകൾ, കവിതകൾ, ജീവിതാനുഭവങ്ങൾ
പറഞ്ഞത് വീണ്ടും പറഞ്ഞു കണ്ണ് നീര് തൂകുവാനുള്ള ത്വര
കൺകുളിർക്കെ കാണുവാനുള്ള ത്വര
കൺകോണുകൾ തളരും വരെ കണ്ടാസ്വദിക്കാനുള്ള ത്വര
മുഖങ്ങൾ,ഭാവങ്ങൾ,ഭാവഭേദങ്ങൾ
അനുഭവിക്കുവാനുള്ള ത്വര
അനുഭവങ്ങളിൽ കുതിർന്നുണരുവാനുള്ള ത്വര
യാത്രകൾ, പ്രണയം,ഹൃദയം, നോവ്, കത്തുന്ന ജ്വലിക്കുന്ന വിദ്വേഷം
കണ്ടു അനുമോദിക്കുവാനുള്ള ത്വര, കഴിവുകളെ കഴിവുക്കേടുകളെ
അഭിനന്ദിക്കുവാനുള്ള ത്വര
ചില നേരങ്ങളിൽ ചില നേരമ്പോക്കുകളിൽ ഒന്ന് ചാഞ്ഞിരിക്കുവാനുള്ള ത്വര
സന്ധ്യക്ക് ശ്രീകോവിലിൽ കത്തിയമരുന്ന തീനാളങ്ങൾക്കിടയിൽ
ചുടുകണ്ണുനീർ തൂകുവാനുള്ള ത്വര
മാറ്റുവാനുള്ള ത്വര മാറ്റങ്ങൾക്കു കരണമാക്കുവാനുള്ള ത്വര
ചുറ്റിനുമുള്ള കൂട്ടവൻമതില്ക്കല് തകർത്തു ഒരുമയുടെ ഒരു പുതിയ ലോകം തീർക്കുവാനുള്ള ത്വര
കവിതകളിൽ കലാരൂപങ്ങളിൽ കായിക വിനോദങ്ങളിൽ
വീണ്ടുമൊരു ബാല്യം കണ്ടെത്തുവാനുള്ള ത്വര
ജീവിക്കുവാനുള്ള ത്വര
ജീവിതത്തിന്റെ പ്രണയനൊമ്പരങ്ങളെ ഏറ്റുവാങ്ങുവാനുള്ള ത്വര
തുച്ഛമായ ഈ ജീവിതത്തിൽ മിച്ചമായി ഇത്തിരി സന്തോഷം കണ്ടെത്തുവാനുള്ള ത്വര
എന്നെ ഞാനാക്കിയ പ്രപഞ്ചമേ നിന്നിലേക്കലിയുവാനുള്ള ത്വര.